സർക്കാറിന് പുതിയ വെല്ലുവിളിയായി സെക്രട്ടറിയേറ്റ് തീപിടുത്തം
സ്വർണ കടത്തും,ലൈഫ് മിഷനും, മന്ത്രി കെ ടി ജലീലിനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ സർക്കാരിന് പുതിയ വെല്ലുവിളി ആകുകയാണ് സെക്രട്ടറിയേറ്റിലെ തീപിടുത്തം.
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പിന്നാലെ ഗൂഢാലോചന ഉണ്ടോയെന്ന് ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കാൻ മന്ത്രിസഭായോഗം തീരുമാമെടുത്തു. തീപിടുത്തം ഉണ്ടായ ഉടനെ തന്നെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ എത്തിയതും ദുരൂഹമാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. അക്കാര്യവും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചീഫ് സെക്രട്ടറി എത്തുന്നതിനു മുൻപേ കെ സുരേന്ദ്രൻ എങ്ങനെ സെക്രട്ടറിയേറ്റിൽ എത്തി. അകത്ത് പ്രവേശിച്ചിട്ടുണ്ടോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളുടെ സന്ദർശനത്തിനു പിന്നിൽ സംശയകരമായി ഏതെങ്കിലും ഉണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കും. സെക്രട്ടറിയേറ്റിലെ സുരക്ഷാ സംവിധാനത്തിലെ പോരായ്മ പരിഹരിച്ച് ശക്തമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ ചുമതലപ്പെടുത്തി. ആർക്കും കയറാവുന്ന സ്ഥിതിയിലാണ് സെക്രട്ടറിയേറ്റ് എന്നും മന്ത്രിമാർ പറഞ്ഞു. സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരുടെ പ്രവർത്തനം മോശമായതിനാൽ സുരക്ഷാ ചുമതല പോലീസിനെ ഏൽപ്പിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെ സെക്രട്ടറിയേറ്റിൽ കർശന പൊലീസ് സുരക്ഷ ആണുള്ളത്. തീവ്രവാദ ഭീഷണിയുള്ളതിനാൽ അതെക്കുറിച്ച് ആലോചിക്കണം. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഇത്തരം കാര്യങ്ങൾ പരിശോധിക്കും. കോവിഡ് പ്രോട്ടോകോൾ ലംഘനവും ഹൈക്കോടതി വിധിയുടെ ലംഘനവുമാണ് സെക്രട്ടറിയേറ്റിൽ നടന്നതെന്നും ഇക്കാര്യം പരിശോധിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് സെക്രട്ടറിയേറ്റ് നടന്നതെന്നും മന്ത്രിമാർ ആരോപിക്കുന്നു. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണറെ കാണുകയും ഗവർണർ ആ കത്ത് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. എന്തായാലും സെക്രട്ടറിയേറ്റിലെ തീ അണഞ്ഞതിനുശേഷവും രാഷ്ട്രീയ തീ ഇതുവരെ അണഞ്ഞിട്ടില്ല.