ബംഗളൂരു മയക്കുമരുന്നുകേസില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും. ആദായനികുതി സംഘവും ഇ ഡി അധികൃതര്‍ക്കൊപ്പമുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള എട്ടംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.
ബിനീഷുമായി അടുപ്പമുള്ളവരുടെ സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തും. തിരുവനന്തപുരത്ത മരുതംകുഴിയിലെ വസതിയില്‍ തെരച്ചില്‍ നടത്തും.
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകനെ ഇന്നും അനുവദിച്ചില്ല. കൊവിഡ് പരിശോധനാഫലം ഇല്ലാതെ ബിനീഷിനെ കാണാന്‍ അനുമതി നല്‍കില്ലെന്ന് ഇ.ഡി നിലപാടെടുത്തു.
നേരത്തെ അഭിഭാഷകര്‍ക്ക് ബിനീഷിനെ കാണാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശത്തിന് എതിരായി ഇ ഡി പ്രവര്‍ത്തിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.