ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ ആദ്യ ക്വാളിഫയർ ഇന്ന്. ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യത്തെ ക്വാളിഫയർ മത്സരം. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം. പോയിൻ്റ് ടേബിളിൽ മുംബൈ ഇന്ത്യൻസ് ഒന്നാമതും ഡൽഹി ക്യാപിറ്റൽസ് രണ്ടാമതും ആണ്. ഇന്നത്തെ മത്സരത്തിലെ വിജയി നേരിട്ട് ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്ന ടീമിന് എലിമിനേറ്ററിൽ ഒരു തവണ കൂടി അവസരം ലഭിക്കും.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഏറ്റ കനത്ത പരാജയം മുംബൈയ്ക്ക് തിരിച്ചടിയാണ്. എന്നാൽ, ട്രെൻ്റ് ബോൾട്ടും ജസ്പ്രീത് ബുംറയും ഹർദ്ദിക് പാണ്ഡ്യയും ഇല്ലാതെ ഇറങ്ങിയതു കൊണ്ട് തന്നെ ആ പരാജയം മുംബൈക്ക് മറക്കാം. ഇന്നത്തെ കളിയിൽ മൂന്നു പേരും തിരികെ എത്തും. നതാൻ കോൾട്ടർനൈലോ ജെയിംസ് പാറ്റിൻസണോ എന്നതാണ് മുംബൈ ക്യാമ്പിലെ ചോദ്യം. രണ്ടു പേരും അത്ര ഫോമിലല്ല. മൂന്നാം പേസർ എന്ന നിലയിൽ ഇനി ഒരു പരീക്ഷണത്തിനു സമയവും ഇല്ല. അതുകൊണ്ട് തന്നെ മൂന്നാം പേസർ മുംബൈക്ക് തലവേദനയാണ്.