പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.
ഉദ്യോഗാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുളള നിയമനങ്ങള്‍ക്ക് വിധേയവും തികച്ചും താത്കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കുന്നതുമാണ്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളള കോവിഡ്-19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ആലുവ ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടുളളതല്ല.
ഗസ്റ്റ് ലക്ചറര്‍ അഭിമുഖം
തിരുവനന്തപുരം: 2021-22 അധ്യയന വര്‍ഷത്തില്‍ കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ നിലവിലുള്ള രണ്ട് ഒഴിവില്‍ ഗസ്റ്റ് ലക്ചററെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പുമായി 17ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം.
കാത്ത് ലാബ് ടെക്നിഷ്യന്‍
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് ടെക്നിഷ്യനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്നോളജിയിലെ ബിരുദമാണ് യോഗ്യത. ഈ മേഖലയിലെ പ്രവൃത്തി പരിചയം ഉണ്ടാവണം.
താത്പര്യമുള്ളവര്‍ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍ വിലാസം (ഇ-മെയില്‍, മൊബൈല്‍ നമ്പര്‍) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപക്ഷകള്‍ 22ന് വൈകുന്നേരം മൂന്നിനകം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നല്‍കണം. അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് മെമ്മോ അയയ്ക്കുന്നതാണ്.
ആരോഗ്യ കേരളം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂര്‍:ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ എൻ എച്ച് എം /എൻ യു എച്ച് എം തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ വിവിധ ജോലികൾക്കായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, ജില്ലാ കോഡിനേറ്റർ, മൈക്രോബയോളജി ടെക്നീഷ്യൻ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ് തുടങ്ങി പത്തോളം തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
താൽപര്യമുള്ളവർ സെപ്റ്റംബർ 20ന് വൈകിട്ട് 5 മണിക്കുള്ളിൽ ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ എത്തിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം വയസ്, യോഗ്യത, പ്രവർത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും വെക്കണം. അപേക്ഷാ ഫോം, പരീക്ഷ, അഭിമുഖം തുടങ്ങി മറ്റ് വിശദവിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0487 2325824
സൈക്കോളജി അപ്രന്റീസ് ഒഴിവ്
പാലക്കാട്:തൃത്താല ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 'ജീവനി കോളേജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാം'ന്റെ ഭാഗമായി സൈക്കോളജി അപ്രെന്റിസിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് (എം.എ / എം.എസ്.സി) യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തി പരിചയം അഭിലഷണീയം. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഗസ്റ്റ് അധ്യാപക ഒഴിവ്
പാലക്കാട് :തൃത്താല ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും, വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 16 ന് രാവിലെ 10 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ലക്ചറര്‍ നിയമനം
തിരുവനന്തപുരം കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ ദിവസ വേതനടിസ്ഥാനത്തില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്സ്, ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട് ഹാന്‍ഡ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ എസ്.പി ആന്റ് ബി.സി എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 14ന് രാവിലെ 10 മണിക്ക് സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: www.gwptctvpm.org
സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ നിയമനം
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക് തസ്തികകളിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 17ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയയ്ക്കണം.
അപേക്ഷ അയയ്ക്കുന്ന ജില്ലയുടെ പേര്, തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: spdkeralamss@gmail.com. വിശദവിവരങ്ങൾക്ക്: 0471-2348666.
താത്ക്കാലിക നിയമനം: അപേക്ഷ 15 വരെ സ്വീകരിക്കും
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിൽ എൻ.സി.ഡി.സി.യുടെ കീഴിൽ ആരംഭിക്കുന്ന രണ്ടു പദ്ധതികളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ലബോറട്ടറി ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. മൈക്രോബയോളജിയിൽ എം.എസ്‌സി എം.എൽ.ടിയാണ് യോഗ്യത.
ആറ് മാസത്തെ ലബോറട്ടറി പ്രവൃത്തി പരിചയം വേണം. 25000 രൂപയാണ് വേതനം. അപേക്ഷകൾ 15നകം ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2472225
സൈക്കോളജി അപ്രന്റിസ്
തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലേയ്ക്ക് താല്ക്കാലിക നിയമനത്തിന് 15ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം മുതലായവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0471-2323040.