സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഉന്നതി പ്രീ-റിക്രൂട്ട്മെന്റ് പരിശീലന പദ്ധതിയിലൂടെ സായുധ സേനയിലും അർധ സൈനിക, പോലീസ് സേനകളിലും തൊഴിൽ നേടാൻ പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കൾക്ക് അവസരം. പത്താം ക്ലാസ് വിജയിച്ച 18നും 28നും ഇടയിൽ പ്രായമുള്ളവരും സേനാ വിഭാഗങ്ങളിലോ പോലീസ്, എക്സൈസ് വിഭാഗങ്ങളിലോ തെരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ ശാരീരിക യോഗ്യതകൾ ഉള്ളവരുമായിരിക്കണം.
കോഴിക്കോട് പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററിൽ (പി.ആർ.ടി.സി) രണ്ട് മാസത്തെ സൗജന്യ റസിഡൻഷ്യൽ പരിശീലനമാണ് നൽകുന്നത്. പുരുഷന്മാർക്ക് 164 സെന്റീമീറ്ററും വനിതകൾക്ക് 153 സെന്റീമീറ്ററും കുറഞ്ഞത് ഉയരം ഉണ്ടായിരിക്കണം. ഉദ്യോഗാർഥികളെ കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുന്നതിന് പ്രാപ്തരാക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പുകളും മൂന്ന് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ ഒമ്പതിന് രാവിലെ 11ന് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ പ്രാഥമിക യോഗ്യതാ നിർണ്ണയത്തിന് എത്തിച്ചേരേണ്ടതാണ്. ഫോൺ: 9447469280, 9447546617.