വാളയാർ കേസന്വേഷണം വീണ്ടും വിവാദത്തിൽ. പൊലീസിനെതിരെ പെൺകുട്ടികളുടെ അമ്മ രംഗത്തെത്തി.
കേസിൽ മൊഴിയെടുത്ത പൊലീസ് താൻ പറഞ്ഞതല്ല എഴുതിയതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
കേരള പൊലീസ് അന്വേഷിച്ചാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.
വാളയാർ കേസിൽ വീണ്ടും വാദം കേൾക്കാൻ ഹൈക്കോടതി തയ്യാറായ പശ്ചാത്തലത്തിലാണ് പൊലീസിനെതിരെ ആരോപണവുമായി പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയത്. മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അവർ ആരോപണം ഉയർത്തി. താൻ പറഞ്ഞ കാര്യങ്ങളല്ല പൊലീസ് ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയതെന്ന് അവർ പറഞ്ഞു. കേരള പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. നീതി ലഭിക്കണമെന്നും അവർ പറഞ്ഞു.
വാളയാർ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ സർക്കാർ നൽകിയ അപ്പീലിലാണ് വീഴ്ച തുറന്നു സമ്മതിച്ചത്. കേസിൽ പുനർവിചാരണ വേണമെന്നും സർക്കാർ നിലപാടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വാദം കേൾക്കാൻ ഹൈക്കോടതി തയ്യാറായത്.
പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികൾ മരിച്ച കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി പോക്സോ കോടതി ആറ് കേസുകളിലായി നാല് പ്രതികളെ വെറുതെ വിട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലാണ് സർക്കാർ അപ്പീൽ നൽകിയത്. പെൺകുട്ടികളുടെ മാതാപിതാക്കളും അപ്പീൽ നൽകിയിരുന്നു.