ജില്ലയിൽ ഏതു സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരം രജിസ്റ്റര്‍ ചെയ്യാനായി രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. എനിവെയര്‍ രജിസ്ട്രേഷന്‍ സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഇതു നിലവില്‍ വരുന്നതോടെ ജില്ലയില്‍ എവിടെ ഭൂമി വാങ്ങിയാലും ഇഷ്ടമുള്ള സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാം.
ഒരു സബ്രജിസ്ട്രാര്‍ ഓഫീസിനു കീഴിലുള്ള സ്ഥലത്ത് ഭൂമി വാങ്ങിയാല്‍ അതേ സബ് രജിസ്ട്രാര്‍ ഓഫീസില്‍ തന്നെ ആധാരം രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാല്‍ ജനങ്ങള്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിലയിരുത്തിയാണ് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി എനിവെയര്‍ രജിസ്ട്രേഷന്‍ നടപ്പാക്കാനാണ് തീരുമാനം.
ഒരു ജില്ലയില്‍ എവിടെയെങ്കിലും ഭൂമി വാങ്ങിയാല്‍ ജില്ലയിലെ സൗകര്യപ്രദമായ സബ്രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാം. സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ അധികാര പരിധി ഇതിനു തടസമാകില്ല. പുതിയ സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണു ഇതു നടപ്പാക്കുന്നത്. എല്ലാ രജിസ്ട്രേഷനുകളും ഓണ്‍ലൈനാക്കുന്നത് ഇതിനു സഹായകമാകും. ഇതിനായി രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തും. ഇതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങാനാണ് തീരുമാനം. ക്രമക്കേട് തടയുന്നതിനുള്ള സംവിധാനം കൂടി ഉള്‍പ്പെടുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുക