ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള. ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിലും മലയാളി താരം സഞ്‌ജു സാംസൺ ഇടംനേടി. ട്വന്റി–-20 ടീമിൽ നേരതെ ഉൾപ്പെട്ടിരുന്നു. ഏകദിന ടീമിൽ അധിക വിക്കറ്റ് കീപ്പറായാണ് എടുത്തിരിക്കുന്നത്. ഈ മാസം 27നാണ് പരമ്പരയ്‌ക്ക് തുടക്കം. മൂന്ന് വീതം ഏകദിനവും ട്വന്റി–-20യും നാല് ടെസ്‌റ്റുമാണ് പരമ്പരയിൽ.
ഏകദിന–-ട്വന്റി–-20 പരമ്പരയിൽ വിശ്രമം അനുവദിച്ച രോഹിത് ശർമ ടെസ്‌റ്റ് ടീമിൽ ഉൾപ്പെട്ടു. ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി ആദ്യ ടെസ്‌റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും. ഭാര്യ അനുഷ്‌ക ശർമയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കോഹ്‌ലി പരമ്പര പൂർത്തിയാകാതെ മടങ്ങുന്നത്. ഡിസംബർ 17നാണ് ആദ്യ ടെസ്‌റ്റ്.
സ്‌പിന്നർ വരുൺ ചക്രവർത്തി പരിക്കുകാരണം ട്വന്റി–-20 ടീമിൽനിന്ന് ഒഴിവായി. പകരം പേസർ ടി നടരാജനെ ടീമിലെടുത്തു. പേസർ ഇശാന്ത് ശർമ പരിക്ക് ഭേദമായാൽ ടെസ്‌റ്റ് ടീമിലെത്തും. പരിക്കിലുള്ള വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ടെസ്‌റ്റ് ടീമിന്റെ ഭാഗമായി തുടരും.
ഏകദിന ടീമിൽ നിലവിൽ ബാറ്റ്‌സ്‌മാൻ ലോകേഷ് രാഹുലാണ് വിക്കറ്റ് കീപ്പർ. ഇതുകാരണമാണ് അധിക വിക്കറ്റ് കീപ്പറായി സഞ്‌ജുവിനെ ഉൾപ്പെടുത്തിയത്.