അമേരിക്കന്‍ രാഷ്ട്രീയത്തിലെ ചിരപരിചിത മുഖമാണ് ജോ ബൈഡന്റേത്. ബറാക് ഒബാമ യുഎസ് പ്രസിഡന്റ് ആയിരുന്ന 2009 മുതല്‍ 2017 വരെ വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍. ആ അനുഭവ സമ്പത്തും പരിചയവും അമേരിക്കയെ നയിക്കാന്‍ ജോ ബൈഡന് തുണയാകും.
ഡെലാവര്‍ സര്‍വകലാശാലയില്‍ നിന്നായിരുന്നു ജോ ബൈഡന്റെ വിദ്യാഭ്യാസം. അവിടുന്നു തന്നെയാണ് രാഷ്ട്രീയത്തിലേക്കുള്ള താത്പര്യവും ഉണ്ടായത്. ബിരുദ പഠനത്തിന് ശേഷം ഡെലാവറിലെ വില്‍മിങ്ടണില്‍ തിരിച്ചെത്തി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. പിന്നീട് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ അംഗമായി. 1970 ലാണ് ന്യൂ കാസില്‍ കൗണ്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. 1972 ല്‍ ഡെലാവറില്‍ നിന്ന് സെനറ്റിലേക്ക് മത്സരിച്ചു. അന്നത്തെ ജയത്തിലൂടെ ബൈഡന്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ സെനറ്ററായി.
വിദേശ നയ വിദഗ്ധനായിരുന്നു അദ്ദേഹം. ദീര്‍ഘകാലം സെനറ്റിന്റെ കമ്മിറ്റി ഓണ്‍ ഫോറിന്‍ റിലേഷന്‍സിന്റെ ചെയര്‍മാനായിരുന്നു. സോവിയറ്റ് യൂണിയന് ആയുധങ്ങള്‍ നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാനും ബാള്‍ക്കന്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ നാറ്റോ സഖ്യരാജ്യങ്ങളെ വിപുലപ്പെടുത്താനും നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പതീറ്റാണ്ടുകളായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായി തുടരുന്ന ബൈഡന് ദീര്‍ഘകാലമായി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചുള്ള പരിചയമുണ്ട്. ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനായ ബൈഡന്‍, രാജ്യത്തെ ജനങ്ങളെ വംശീയമായി വിഭജിക്കുന്ന പ്രസിഡന്റാണ് ട്രംപെന്ന് പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ട്രംപ് വന്‍പരാജയമാണെന്ന് രണ്ട് സ്ഥാനാര്‍ത്ഥി സംവാദങ്ങളിലും ബൈഡന്‍ ആവര്‍ത്തിച്ച് ആരോപിച്ചു. വര്‍ഷങ്ങളായി നികുതി അടച്ചിട്ടില്ലെന്നതും ട്രംപിനെതിരെ ആയുധമായി ഉപയോഗിക്കുന്നു ബൈഡന്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ വംശീയ വിദ്വേഷമില്ലാത്ത, രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന പ്രസിഡന്റായിരിക്കും താനെന്നും ബൈഡന്‍ പറയുന്നു.