ഡീഗോ മാറഡോണയ്ക്ക് കളിക്കളത്തില്‍ ആദരമര്‍പ്പിച്ച ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്ക് 600 യൂറോ പിഴയിട്ട് സോക്കര്‍ ഫെഡറേഷന്‍.
ലാ ലിഗയില്‍ ഒസാസൂനയ്ക്കെതിരായ മത്സരത്തില്‍ ഗോളടിച്ചശേഷം മെസ്സി തന്റെ തന്റെ ബാഴ്സ ജേഴ്സി അഴിച്ച് മാറ്റി ഉള്ളില്‍ ധരിച്ചിരുന്ന അര്‍ജന്റീന ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലെ മാറഡോണയുടെ 10-ാം നമ്പര്‍ ജേഴ്സി പ്രദര്‍ശിപ്പിച്ച് ഇതിഹാസ താരത്തിന് ആദരമര്‍പ്പിച്ചിരുന്നു. താരത്തിന്റെ ഈ പ്രവൃത്തിക്കെതിരെയാണ് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ നടപടിയെടുത്തത്.
മെസ്സിക്ക് 600 യൂറോ പിഴവിധിച്ച സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ ബാഴ്‌സലോണ ക്ലബ്ബിനോട് 180 യൂറോയും പിഴയടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മത്സരത്തിനിടെ ജേഴ്‌സി അഴിച്ച് മാറ്റിയതിനു പിന്നാലെ തന്നെ റഫറി മെസ്സിക്ക് നേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയിരുന്നു.
മാറഡോണയ്ക്ക് വ്യത്യസ്തമായി ആദരവര്‍പ്പിച്ച മെസ്സിയുടെ നടപടി ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു. ഇതിനെതിരേ നടപടിയെടുത്ത സ്പാനിഷ് സോക്കര്‍ ഫെഡറേഷനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
മാറഡോണയ്ക്ക് ആദരമര്‍പ്പിച്ചുള്ള പ്രവൃത്തിയായതിനാല്‍ മെസ്സിക്കെതിരേ നടപടിയെടുക്കരുതെന്ന് ബാഴ്‌സലോണ സ്പാനിഷ് സോക്കര്‍ ഫെഡറേഷനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാന്‍ ഫെഡറേഷന്‍ തയ്യാറായില്ല.