അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സും നല്‍കാനായി സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് പരിചയമുള്ളവര്‍ക്കും മുന്‍ഗണന. പ്രായം 25 നും 45 നും മധ്യേ. കരാര്‍ അടിസ്ഥാനത്തില്‍ 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് നിയമനം. പ്രതിമാസം 18,000 രൂപ ഓണറേറിയവും 2000 രൂപ യാത്ര ആനുകൂല്യവും ലഭിക്കും. പുരുഷന്‍മാരുടെ ഒരൊഴിവും സ്ത്രീകളുടെ രണ്ട് ഒഴിവുമുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 വൈകിട്ട് അഞ്ച് മണി. വിലാസം- പ്രോജക്ട് ഓഫീസര്‍, ഐ. ടി. ഡി. പി നെടുമങ്ങാട്, സത്രം ജംഗ്ഷന്‍- 695 541.
സപ്പോര്‍ട്ടിംഗ് എഞ്ചിനീയേഴ്‌സിനെ നിയമിക്കുന്നു
ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ജല അതോറിറ്റി പ്രോജക് ഡിവിഷന്‍ നാട്ടിക ഓഫീസില്‍ സപ്പോര്‍ട്ടിംഗ് എഞ്ചിനീയേഴ്‌സിനെ താത്കാലിടാസ്ഥാനത്തില്‍ നിയമിക്കുന്നു. 10 ദിവസത്തേക്ക് പ്രതിദിനം 1,325 രൂപ നിരക്കിലാണ് നിയമനം. എന്‍വയോണ്‍മെന്റല്‍ / ജിയോ ടെക്‌നിക്കല്‍ സ്ട്രക്ച്ചറല്‍ എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും എം.ടെക് ആണ് യോഗ്യത. ഡിസൈന്‍ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 28ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രോജക്ട് ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ഹാജരാകണം.
താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി, പ്രവൃത്തി പരിചയം അഭികാമ്യം, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഏപ്രില്‍ 28-ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുക്കണം.
ശിശുക്ഷേമ സമിതിയില്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം ശിശുക്ഷേമ സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ശിശുക്ഷേമ സമിതിയില്‍ ചെയര്‍പേഴ്‌സന്റെ ഒരു ഒഴിവും അംഗങ്ങളുടെ നാല് ഒഴിവുകളുമാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഏപ്രില്‍ 26 ന് വൈകീട്ട് അഞ്ചിന് മുമ്പായി 'വനിതാ ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയില്‍ കഫറ്റേരിയ്ക്ക് എതിര്‍വശം, പൂജപ്പുര, തിരുവനന്തപുരം, പിന്‍- 695012 ' എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0483 2978888.