Ads Area

Plus One Allotment Common Doubts and Answers

എന്താണ് ആദ്യ അലോട്ട്മെന്റ് ?

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്മെന്റ് ലഭിച്ചവർ ഓഗസ്റ്റ് 5ന് രാവിലെ 11 മണി മുതൽ ഓഗസ്റ്റ് 10ന് വൈകിട്ട് 5 വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. 

താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?

ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.

സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ ?

അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാലും മതിയാകും.

പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?

ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും.

ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?

വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.

ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?

ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ ഓഗസ്റ്റ് 15 ന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക. അതും ലഭിക്കാത്തവർ നിരാശപ്പെടേണ്ടതില്ല അവർക്ക് വീണ്ടും അലോട്ട്മെന്റ് ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area