ആധാറും -പാനും ലിങ്ക് ചെയ്യേണ്ട സമയ പരിധി അവസാനിക്കാൻ പോവുകയാണ്. ഈ മാസം 30 ആണ് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാൻ സാധിക്കുന്ന അവസാന തിയതി. ജൂൺ 30 മുൻപ് 1000 രൂപ പിഴയോടെ ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാം. അതുകൊണ്ടുതന്നെ ഇനിയും അപ്ഡേറ്റ് ചെയ്യാനുള്ളവർ ഉടൻതന്നെ ആധാറും- പാൻ കാർഡും അപ്ഡേറ്റ് ചെയ്യുക. (aadhar pan card linking last date).

ഈ സമയം പരിധി കഴിഞ്ഞും ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള പണമിടപാടുകൾ നടത്താൻ സാധിക്കില്ല. 2023 മാർച്ച് 31 ന് ഉള്ളിൽ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്. ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ കാർഡ് നിർബന്ധമാണ്. അതുകൊണ്ട് തന്നെ പാൻ ഇല്ലാതെ ആദായ നികുതി റിട്ടേൺ സാധിക്കില്ല. വരുമാനത്തിന്റെ വിശദാംശങ്ങൾ നൽകാൻ സാധിക്കാത്തതിനാൽ പലിശയും പിഴയും പ്രോസിക്യൂഷനും വരെ നേരിടേണ്ടി വരും.
ഇതിനോടകം തന്നെ പലരും ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിരിക്കും. എന്നാൽ ചിലർക്കെങ്കിലും ഇവ ബന്ധിപ്പിച്ചോ എന്നൊരു സംശയം മനസിൽ ഉടലെടുത്തിരിക്കും. ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വഴിയുണ്ട്. അവ എങ്ങനെയെന്ന് നോക്കാം.
ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ലിങ്ക്-ആധാർ പാൻ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ കാർഡ് നമ്പർ, പാൻ നമ്പർ എന്നിവ നൽകിയാൽ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. സന്ദർശിക്കേണ്ട ലിങ്ക് : https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-statsu