ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് സെലക്ഷൻ കമ്മറ്റി വ്യക്തമാക്കണമെന്ന് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. പരുക്കാണ് കാരണമായി പറയുന്നത്. അത് എത്തരത്തിലുള്ള പരുക്കാണെന്ന് വ്യക്തമാക്കണമെന്നും ഗവാസ്കർ പറഞ്ഞു. ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിനു മുന്നോടിയായി സ്റ്റാർ സ്പോർട്സിൽ നടന്ന ടോക്ക് ഷോയിലാണ് ഗവാസ്കർ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
“ഒന്നര മാസത്തിനുശേഷം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. രോഹിത് മുംബൈ ഇന്ത്യൻസിനായി ഇപ്പോഴും നെറ്റ്സിൽ പരിശീലനം തുടരുമ്പോൾ, ആ പരുക്ക് എന്തു തരത്തിലുള്ളതാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ കുറച്ചുകൂടി സുതാര്യത വേണം. എന്താണ് പ്രശ്നമെന്ന് കൃത്യമായി വിശദീകരിക്കുന്നത് എല്ലാവർക്കും ഗുണകരമാവും.”- ഗവാസ്കർ പറഞ്ഞു.
പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ രോഹിതിനെ ഓസീസ് പര്യടനത്തിലെ മൂന്ന് ഫോർമാറ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. മായങ്ക് അഗർവാളാണ് രോഹിതിനു പകരം ടീമിലെത്തിയത്. ഇന്നലെ ഇത്തരത്തിൽ പ്രഖ്യാപനം വന്നതിനു പിന്നാലെ രോഹിത് ശർമ്മ നെറ്റ്സിൽ പരിശീലനം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ മുംബൈ ഇന്ത്യൻസ് പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് സെലക്ഷൻ കമ്മറ്റിയുടെ തീരുമാനത്തെപ്പറ്റി ചോദ്യങ്ങൾ ഉയർന്നത്.