സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകള്‍ ഉയര്‍ത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍. 1600 രൂപയാക്കി ഉയര്‍ത്താനാണ് തീരുമാനം.
വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയര്‍ത്തിയത്. വിശ്വകര്‍മ്മ പെൻഷൻ നിലവില്‍ 1400 രൂപയാണ്. സര്‍ക്കസ് കലാകാര്‍ക്ക് 1200 രുപയും, അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയും, അവശ കലാകാര പെൻഷൻ 1000 രൂപയുമാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ ദിവസം, അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയര്‍ത്തിയതായിരുന്നു. അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് 1000 രൂപ വരെയാണ് വേതനം വര്‍ധിപ്പിച്ചിരിക്കുന്നത്. 88,977 പേര്‍ക്ക് ഈ നേട്ടം ലഭിക്കും. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ളവര്‍ക്ക് നിലവിലുള്ള വേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു.
മറ്റുള്ളവര്‍ക്കെല്ലാം 500 രൂപയുടെ വര്‍ധനയുണ്ട്. 62,852 പേര്‍ക്കാണ് വേതന വര്‍ധന ലഭിക്കുന്നത്. ഇതില്‍ 32,989 പേര്‍ വര്‍ക്കര്‍മാരാണ്. ആശ വര്‍ക്കര്‍മാരുടെ വേതനത്തിലും 1000 രൂപ വര്‍ധിപ്പിക്കാൻ തീരുമാനിച്ചു. 26,125 പേര്‍ക്കാണ് നേട്ടം. ഇരു വര്‍ധനകളും ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.