വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം?
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നോക്കുന്നതിന് ഒരുപാട് വഴികളുണ്ട്. അതിൽ ഈസി ആയിട്ടുള്ള രണ്ട് വഴികളാണ് താഴെ നൽകിയിരിക്കുന്നത്.
1950 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ച് വോട്ടർ ഐഡി കാർഡ് നമ്പർ നൽകിയാൽ വോട്ടർ പട്ടികയിലെ വിവരങ്ങൾ ലഭിക്കും.
ഇനി എസ്എംഎസ് വഴി അറിയാൻ ECI എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം ഇലക്ഷൻ ഐഡി കാർഡിലെ നമ്പർ ടൈപ്പ് ചെയ്ത് 1950 എന്ന നമ്പറിലേക്ക് അയച്ചാൽ വോട്ടർ പട്ടികയിലെ വിവരങ്ങൾ എസ്എംഎസ് മറുപടി ലഭിക്കും.
ഈ രണ്ട് വഴിയും അല്ലാതെ കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വോട്ടർ ഐഡി കാർഡ് നമ്പർ നൽകിയാൽ വിവരങ്ങൾ ലഭ്യമാകും.
വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
ഏപ്രിൽ26-ന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐ.ഡി. (എപിക്) കാർഡാണ് തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത്.
ഇതിന് പുറമേ ഫോട്ടോപതിച്ച മറ്റ്12അംഗീകൃത തിരിച്ചറിയൽ രേഖകൾ കൂടി വോട്ട് ചെയ്യാൻ ഉപയോഗിക്കാം. ആധാർ കാർഡ്, പാൻ കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ്(യു.ഡി.ഐ.ഡി.), സർവീസ് ഐ.ഡി. കാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, എൻ.പി.ആർ.- ആർ.ജി.ഐ. നൽകുന്ന സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, എം.പി./എം.എൽ.എ./ എം.എൽ.സി.മാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് എന്നിവയാണ് തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാവുന്നത്.
എങ്ങനെയാണ് ഒരു വോട്ടർ വോട്ട് രേഖപ്പെടുത്തേണ്ടത്?
പോളിങ് ബൂത്തിലെത്തുന്ന വോട്ടർ ആദ്യമെത്തുന്നത് ഒന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മുന്നിലാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷം വോട്ടിങ് നടപടിക്രമങ്ങൾ ആരംഭിക്കും.
രണ്ടാം പോളിങ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകയ്യിലെ ചൂണ്ടാണി വിരലിൽ മഷി തേക്കുന്നത്. നഖത്തിനു മുകളിൽ നിന്നും താഴേക്കാണ് മഷിപുരട്ടുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥന് തന്നെയാണ് 17-എ പട്ടിക പ്രകാരം സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം.
മൂന്നാം പോളിങ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ ചുമതല. രണ്ടാം പോളിങ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദ്ദേഹവുമിരിക്കുന്നത്. രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ നൽകുന്ന വോട്ടർ സ്ലിപ്പിന്റെ അടിസ്ഥാനത്തിൽ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. മഷി കയ്യിൽ പുരട്ടിയിട്ടുണ്ടോയെന്നും നിരീക്ഷിക്കും. മൂന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മേശയിൽ സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടണിൽ അമർത്തിയ ശേഷം വോട്ടർക്ക് വോട്ടിങ് യന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാർട്ട്‌മെന്റിലെത്തി വോട്ടു രേഖപ്പെടുത്താം.
വോട്ടെടുപ്പ് നില തൽസമയം അറിയാൻ ഇത്തവണ ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ ആപ്പ് ഉപയോഗിക്കാം. ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.